നിങ്ങൾ നിങ്ങളുടെ സംരഭത്തിന് വിലയിട്ടിട്ടുണ്ടോ?

സ്വന്തം സംരഭം സുഗമമായി നടത്തുവാൻ പെടാ പാട് പെടുന്ന ഒരു സംരംഭകനാണോ നിങ്ങൾ? ഒരു ലളിതമായ ചോദ്യം, നിങ്ങൾക്കു നിങ്ങളുടെ സ്ഥാപനത്തിന്റെ വില അറിയാവോ?
സംരംഭകർ സമൂഹത്തിനു നൽകുന്ന സംഭാവന വില മതിക്കാനാകാത്തതാണ്. സംരംഭകർ സർക്കാരിന് ജി സ് ടി വരുമാനം നല്കുന്നതിനോടൊപ്പം ലക്ഷകണക്കിന് ജോലി സാധ്യതകളും തുറന്നു തരുന്നു. എന്നാൽ സംരംഭകർ ലാഭം മാത്രമാണോ ലക്ഷ്യമിടേണ്ടത്? ലാഭം തീർച്ചയായും നിലനിൽപിന് ആവശ്യമാണ്. സംരംഭകർ തീർച്ചയായും അവരുടെ സംരംഭത്തിന്റെ വില അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് ഈ വില? ബിസിനസ് വാലുവേഷൻ എന്നത് വളരെ വലിയ ഒരു മേഖലയാണ് . ഗഹന മായ പഠനത്തിന് സദാ വിധേയമായിരിക്കുന്ന ഈ വിഷയത്തിൽ സംരംഭകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചുരുക്കം ചില നിർദേശങ്ങളാണ് താഴെ പ്രതിപാദിക്കുന്നത്.
1. ടെക്നോളജിയുടെ പ്രാധാന്യം :- നമ്മുടെ സംരംഭത്തിൽ, അത് ബി ടു ബി അയാലും ബി ടു സി ആയാലും ഏതെങ്കിലും തരത്തിൽ ടെക്നോളജി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ഗുണകരമായി നമ്മുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ബിസിനസ് വാലുവേഷന് നല്ല ഫലം ചെയ്യും എന്നതിൽ സംശയമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ നാം ടെക്നോളജിയുടെ മുന്നേറ്റം കണ്ടില്ല എന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്.
2. ബിസിനസ് ഫോക്കസ് :- പലപ്പോഴും നമ്മളിൽ പലരും നിരവധി ബിസിനസ് ഒരുമിച്ചു ചെയ്യുന്നവരാണ്. ചുരുക്കം ചിലർ അതിൽ വിജയിച്ചിട്ടുമുണ്ടാവും. പലപ്പോഴും ഒരു ബിസിനസ് വിജയിച്ചതിനു ശേഷം മറ്റൊന്നിലേക്കു കടന്നവർക്കാകും കൂടുതൽ വിജയങ്ങൾ വെട്ടിപിടിക്കാനാകുക. മൊത്തത്തിൽ നമമുടെ ബിസിനസിനു ഒരു ഫോക്കസ് ഉണ്ടായിരിക്കണം. നൂറു കാര്യങ്ങൾ ആറു തവണ ചെയ്യുന്നതിനേക്കാളും ആറു കാര്യങ്ങൾ നൂറു തവണ ചെയ്യുന്നതത്രേ ഫലപ്രദം!
3. എല്ലാവരും നമ്മുടെ ഉപഭോക്താക്കൾ ആണോ?:- അങ്ങനെ ഒരു ബിസിനസ് ഉണ്ടോ? ഉണ്ടാകാം, അത് അത്രമേൽ വ്യാപ്തവും റിസ്ക് ഉള്ളതും മുതൽമുടക്ക് കൂടുതൽ ഉള്ളതും ആവാനാണ് സാധ്യത. നമ്മുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു വ്യക്തമായ ഉപഭോക്തൃ മേഖല ഉള്ളത് എല്ലായ്പോഴും നന്നായിരിക്കും. നമുക്ക് നമ്മുടെ ഉപഭോക്താക്കളെ കൃത്യമായി ടാർഗറ്റ് ചെയ്യുവാൻ സാധിച്ചാൽ അത് നമ്മുടെ ബിസിനസ് വാലുവേഷൻ വർധിപ്പിക്കും.
4. സിസ്റ്റം :- ഇങ്ങനെ ഒരു വാക്ക് കേൾകാത്തവരായി ആരും തന്നേ കാണുകയില്ല. കേട്ട് മടുത്തിരിക്കാനാണ് സാധ്യത. വളരെ ചെറിയ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ സ്ഥാപനത്തിലെ ഒരു പ്രധാന തൊഴിലാളി പൊടുന്നനെ ജോലി വിട്ടു പോയീ എന്നിരിക്കട്ടേ. പുതിയ ഒരു ജോലിക്കാരൻ എത്ര വേഗം ആ വിടവ് പരിഹരിക്കും? പുതിയതായി വരുന്ന ജോലിക്കാരനു കൃത്യമായ മാർഗനിർദേശങ്ങൾ നല്കാൻ എഴുതി തയാറാക്കിയ ഒരു ലഘു ലേഖ എങ്കിലും നമ്മുടെ സ്ഥാപനത്തിൽ ഉണ്ടോ? നിങ്ങൾ ഒരു സംരംഭകൻ എന്ന നിലയിൽ എത്രത്തോളം സമയം ഇതിനായി ചിലവഴിക്കേണ്ടി വരും? വളരെ സുസ്ഥിരമായ ഒരു വ്യവസ്ഥിതി നമുക്ക് ഉണ്ടെങ്കിൽ പുതിയ ഒരു ജോലിക്കാരനു വളരെ പെട്ടെന്നു തുടർ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ബിസിനസ് നു എല്ലായ്പോഴും വാലുവേഷൻ കൂടുതലായിരിക്കാൻ സാധ്യത ഉണ്ട്. ഇതുപോലുള്ള കൃത്യത ഉല്പാദന മേഖലയിലും സേവനത്തിലുമുള്ള എല്ലാ വകുപ്പുകളിലും പ്രവർത്തികമാക്കിയാൽ അത്രയും നന്ന്. തൊഴിലാളികളുടെ കൃത്യമായ വിനിയോഗവും , തദ്വാരാ ഉൽപ്പാദനശേഷി വർധനയും പ്രവർത്തികമാവുകയും ചെയ്യും.
5. നിങ്ങൾ തനിച്ചാണോ ബിസിനസ് നടത്തുന്നത്? :- ചോദ്യത്തിന്റെ ഉദ്ദേശം ലളിതമാണ്. നിങ്ങളുടെ തൊഴിലാളികൾ നിങ്ങൾക്കു ഒപ്പമുണ്ടോ? നല്ല ഉത്തരവാദിത്തവും ചുറുചുറുക്കുമുള്ള ജോലിക്കാർ എന്നും സംരംഭകന് തുണയാണ്. ഏറ്റവും നല്ല തൊഴിൽ സാഹചര്യം നിങ്ങൾ സ്ഥാപനത്തിൽ നടപ്പിലാക്കിയാൽ ഏറ്റവും നല്ല തൊഴിലാളികൾ നമുക്ക് ഉണ്ടാവും. നല്ല തൊഴിലാളി സമ്പത്തു ഒരു സംരഭത്തിന്റെ വിജയത്തിന്റെ അളവുകോലാണ് എന്നതിൽ സംശയമില്ല.
6. സ്ട്രാറ്റജിക് പാർട്നെർസ് :- സംരംഭകൻ എല്ലായ്പോഴും പുതുമ തേടിക്കൊണ്ടിരിക്കണം. ഞാനാണ് എന്റെ സംരഭത്തിന്റെ രാജാവ് എന്ന മനോഭാവം പാടില്ല. മാറ്റങ്ങൾക്കു വിധേയനാവാൻ തയ്യാറായാൽ അത് ഗുണം ചെയ്യും. നല്ല ഒരു ഉപദേശകൻ പോലും ഒരു സ്ട്രാറ്റജിക് പാർട്ണർ ആണ്. എല്ലായ്പോഴും നമ്മളിലും കഴിവുള്ളവരെ നമ്മുടെ കൂടെ ചേർത്ത് നിർത്താൻ സംരംഭകന് കഴിയണം. അത് ബിസിനസ് പാർട്ണർ തന്നെ ആവണമെന്നില്ല. നമ്മുടെ ബിസിനസ് മനസിലാക്കാനും നിർദേശങ്ങൾ നൽകാനും കഴിയുന്ന ഒരു നല്ല ഉപദേശക വൃന്ദം നമുക്ക് ഒപ്പമുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ സംരഭം വളർച്ചയിലാണ്. കാലാ കാലങ്ങളായി തന്നെ ടെക്നോളജി ആയോ, നിക്ഷേപമായോ, പങ്കാളികളെ സ്വീകരിക്കുന്നത് വളർച്ചയുടെ ആക്കം കൂട്ടുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
7. തുടർ വരുമാനം;- നമ്മുടെ വരുമാന സ്രോതസ്സിനെ പറ്റിയുള്ള കാഴ്ചപ്പാട് വളരെ പ്രധാനമായ ഒരു നിരീക്ഷണമാണ്. നമ്മുടെ ബിസിനസ് ഒരു വൺ ടൈം സെയിൽസ് കേന്ദ്രീകൃതമാണോ? ചില ബിസിനസ്കൾ വലിയ തുകയുടെ ആയിരിക്കാം. എന്നിരിക്കിലും നമ്മുടെ ബിസിനസ് ഒരു തുടർ വരുമാനം ഉറപ്പു വരുത്തുന്നുവെങ്കിൽ ബിസിനസ് വാലുവേഷനിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.
8. ഡാറ്റ സ്റ്റോറേജ് & അനലൈസിങ് : – ഇപ്പോൾ കമ്പ്യൂട്ടർ ഇല്ലാത്ത ഒരു സ്ഥാപനം ഇല്ല. എന്നാൽ നമ്മുടെ മുൻപിൽ വരുന്ന വിവരങ്ങൾ നാം കൃത്യമായി ശേഖരിച്ചു വയ്ക്കുന്നുണ്ടോ? അതിനു നമ്മൾ എത്ര പ്രാധാന്യം കല്പിക്കുന്നു? ഇത്തരം വിവരങ്ങൾ നാം വിശകലനത്തിന് വിധേയമാക്കാറുണ്ടോ? വളരെ ഉപയോഗപ്രദമായി ഡാറ്റ ശേഖരിച്ചു അതിൽ നിന്നും നിക്ഷേപ സമാഹരണം വരെ നടത്തിയ സ്ഥാപനങ്ങൾ നമുക്ക് മുൻപിൽ ഉദാഹരണത്തിന് ഉണ്ട്. ഇത്തരം വിശകലനങ്ങൾ നമ്മുടെ വാല്യൂവേഷനു മാത്രമല്ല വില്പന വർധിപ്പിക്കുന്നതിനും സഹായകമാകുന്നു.
9. സുതാര്യമായ അക്കൗണ്ടിംഗ്:- ഒരു നിക്ഷേപകൻ എന്താണ് ആഗ്രഹിക്കുന്നത്? ഒരു നല്ല വാലുവേഷൻ കിട്ടുന്ന സംരംഭത്തിൽ പങ്കാളിയാവുക എന്നത് തന്നെ ആണ് . സുതാര്യമായ ഒരു സാമ്പത്തിക രീതി പിന്തുടരുന്ന സ്ഥാപനത്തിനു മാത്രമേ നല്ല നിക്ഷേപകരെ ആകർഷിക്കുവാൻ സാധിക്കുകയുള്ളു.ഇന്നത്തെ കാലത്തു ഓൺലൈൻ അക്കൗണ്ടിംഗ് രീതികൾ നിരവധി ഉള്ളതിനാൽ നിക്ഷേപകർക്ക് ലോകത്തിന്റെ ഏതു കോണിൽ നിന്ന് പോലും അവരുടെ സംരംഭക പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യാം. ഒരു നല്ല റിപ്പോർട്ടിങ് സിസ്റ്റം സ്ഥാപനത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കുന്നു.
10. നിയമ സാധുതയും പരിപാലനവും:- നിയമപരമായ ഒരു ഓഡിറ്റിംഗ് അല്ലെങ്കിൽ ഒരു ലീഗൽ ഡ്യൂ ഡീലിജെൻസ് നടത്തിയിട്ടു മാത്രമേ നിക്ഷേപകർ നമ്മുടെ സംരംഭത്തിന് വില കാണുകയുള്ളൂ. വളരെ സുതാര്യമായ ഭരണ രീതി നിലവിൽ ഉള്ള സംരംഭം വാലുവേഷനിൽ മുൻപന്തിയിൽ സ്ഥാനം നേടും.
ഓരോ സംരംഭകനും ഒരു സി ഇ ഓ കാഴ്ചപ്പാടുള്ള സംരംഭകനാവാൻ ആണ് ശ്രമിക്കേണ്ടത്. ലാഭം മാത്രമല്ല, ഒരു വാലുവേഷൻ മുൻപിൽ കണ്ടു സംരംഭം വളർത്തിയാൽ അത് വളരെ നല്ല തീരുമാനമായിരിക്കും.
വിജയ് ശ്രീനികേതൻ,കമ്പനി സെക്രട്ടറി & ബിസിനസ് കൺസൽടൻട് , ബി എക്വിപ് അഡ്വൈസറി